ഓണം ബമ്പർ നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; ലോട്ടറി ഷെയർ ഇട്ട് എടുക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക
ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. സെപ്റ്റബർ 18നാണ് നറുക്കെടുപ്പ്. ഇതിനോടകം 41.5 ലക്ഷം രൂപയുടെ ടിക്കറ്റ് വിൽപനയാണ് നടന്നിരിക്കുന്നത്. അവസാന നിമിഷത്തിൽ ടിക്കറ്റ് വിൽപന പൊടിപൊടിക്കുമെന്നാണ് കണക്കുകൂട്ടൽ.
കഴിഞ്ഞ വർഷം 54 ലക്ഷം രൂപയുടെ ടിക്കറ്റാണ് വിറ്റ് പോയത്. ഇത്തവണ ടിക്കറ്റ് വില 300 രൂപയിൽ നിന്ന് 500 രൂപയാക്കിയതോടെ കഴിഞ്ഞ വർഷത്തേക്കാൾ തുക ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ഇപ്പോൾ ബമ്പർ ലോട്ടറി ഷെയർ ഇട്ട് വാങ്ങുന്നതാണ് ട്രെൻഡ്. കാരുണ്യ, അക്ഷയ എന്നിവ പോലുള്ള കുഞ്ഞ് ലോട്ടറികൾ സ്വന്തമായി വാങ്ങിയാലും ബമ്പർ ലോട്ടറികളെല്ലാം ‘ഷെയറിട്ട്’ വാങ്ങുന്ന പ്രവണ ഓഫിസുകളിലും സുഹൃത്തുക്കൾക്കിടയിലും കണ്ടുവരുന്നുണ്ട്. അങ്ങനെ ലോട്ടറി വാങ്ങാൻ ഉദ്ദേശിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ലോട്ടറി ടിക്കറ്റുകൾ കൂട്ടം ചേർന്ന് അഥവാ പങ്കിട്ട് വാങ്ങുന്നതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ല. പക്ഷേ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാൻ ലോട്ടറി വകുപ്പിന് അധികാരമില്ല. അതുകൊണ്ട് തന്നെ സമ്മാനത്തുക ലോട്ടറി വകുപ്പ് വീതിച്ച് നൽകുകയില്ല. അതിനാൽ ഷെയറിട്ട് ലോട്ടറി എടുക്കുന്നവർക്ക് സമ്മാനം ലഭിക്കുകയാണെങ്കിൽ അവർ കൂട്ടത്തിലുള്ള ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം. ഇത്തരത്തിൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിൽ ഹാജരാക്കണം. ഇത്തരത്തിൽ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്. അല്ലെങ്കിൽ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാൻ ഒരാളെ ചുമതലപ്പെടുത്താം. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേര് ചേർത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.
ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ചാൽ എത്ര രൂപ കൈയിൽ കിട്ടും ?
സമ്മാനത്തുക ആദായനികുതി കുറച്ചാണ് കൈമാറുക. അതിനാൽ 25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാവും ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ചുള്ള തുകയാണിത്.
എവിടെ ടിക്കറ്റ് മാറി പണം സ്വന്തമാക്കാം ?
ലോട്ടറിയിൽ നിന്നുള്ള 5,000 രൂപ വരെ സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലാണ് നിങ്ങൾ അടിച്ച സമ്മാനത്തുകയെങ്കിൽ ലോട്ടറി ഓഫ്സുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.
കാലാവധി
നറുക്കെടുപ്പ് നടന്ന് മുതൽ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകൾ സഹിതം മേൽപറഞ്ഞ ഓഫിസുകളിലേതെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പിൽ സമർപ്പിക്കേണ്ടി വരും.
[table id=2 /]